വയനാട്: ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രതിനിധികൾക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ തുറന്നകത്ത്. വയനാടിന്‍റെ കാർഷിക പുനരുദ്ധാരണത്തിനും പരിസ്ഥിതി പുനരുജ്ജീവനത്തിനും ആദ്യ പരിഗണന നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
വയനാട്ടിലെ കാർഷിക തകർച്ച പാരിസ്ഥിതിക തകർച്ചയുടെ ഫലമാണെന്ന് പ്രകൃതി സംരക്ഷണ സമിതി കത്തിൽ കുറ്റപ്പെടുത്തുന്നു. ചുരം ബദൽ റോഡും തുരങ്കപാതയും വിമാനത്താവളവും അല്ല യഥാർത്ഥ വികസനം. ഓരോ പഞ്ചായത്തിലെയും ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മിറ്റികൾ വീണ്ടും ശക്തിപ്പെടുത്തണം. വയനാട്ടിൽ എവിടെയെല്ലാം എത്രമാത്രം ഖനനം ചെയ്യാമെന്ന് നിശ്ചയിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്നും
കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അനിയന്ത്രിത വിനോദസഞ്ചാരത്തിന് അറുതി വരുത്തണമെന്നും വയനാടിനെ ഒരു സമ്പൂർണ ജൈവ കാർഷിക ജില്ലയാക്കി മാറ്റാൻ നടപടിയെടുക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.