വയനാട്: വൈത്തിരി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിൻ്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് വയനാട് കലക്‌ടറേറ്റിന് മുന്നിൽ ധർണ നടത്തി. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇടതു സർക്കാരിന്‍റെ കാലത്ത് നാല് വ്യാജ ഏറ്റുമുട്ടലുകളിൽ എട്ടുപേർ കൊല്ലപ്പെട്ടെന്നും ഇത്തരം മരണങ്ങളുടെ അന്വേഷണം അട്ടിമറിക്കുന്നുവെന്നും ആരോപിച്ചാണ് ധർണ. ഇത്തരം ഏറ്റുമുട്ടലുകളിൽ സർക്കാർ പാലിക്കേണ്ട സുപ്രീംകോടതിയുടെ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല. പൊലീസും സർക്കാരും ചേർന്ന് നിര്‍ദേശങ്ങളെല്ലാം നഗ്നമായി ലംഘിക്കുകയാണ്. വ്യാജ ഏറ്റുമുട്ടലിൽ സി.പി ജലീൽ മരിച്ചപ്പോൾ കോടതിയിൽ പൊലീസ് കൊടുത്ത എഫ്ഐആറിലും പൊലീസ് മേധാവി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ക്രൈംബ്രാഞ്ച് കൽപ്പറ്റ കോടതിയിൽ അന്വേഷണ റിപ്പോർട്ട് കൊടുത്തപ്പോഴുമെല്ലാം യഥാർഥ വസ്‌തുതകൾ മൂടിവെച്ച് പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഇവർ ആരോപിച്ചു.