വയനാട്: വയനാട്ടിൽ റെക്കോർഡ് കാട്ടുതേൻ സംഭരണം. വേനൽ മഴ നന്നായി പെയ്തതും കാലവർഷം വൈകിയതുമാണ് തേൻ കൂടുതൽ ശേഖരിക്കാൻ ഇടയാക്കിയത്. വനം വകുപ്പിന് പുറമേ സുൽത്താൻ ബത്തേരിയിലെ കല്ലൂർ, പുൽപ്പള്ളി, തിരുനെല്ലി എന്നീ പട്ടികവർഗ്ഗ സഹകരണ സംഘങ്ങളാണ് വയനാട്ടിൽ കാട്ടുതേൻ സംഭരിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ അവസാനം വരെയാണ് കാട്ടിലെ തേൻ സീസൺ.
കല്ലൂർ സഹകരണസംഘം ഇതുവരെ 16,000 കിലോ തേൻ സംഭരിച്ച് കഴിഞ്ഞു. കഴിഞ്ഞവർഷം 12,000 കിലോ തേനെ ശേഖരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. തിരുനെല്ലി സംഘം ഈ സീസണിൽ ഇതുവരെ 15,000 കിലോ തേൻ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം തേൻ ശേഖരിക്കുന്ന പട്ടികവർഗ്ഗ സഹകരണ സംഘം കല്ലൂരിലേതാണ്.
ഈ സീസണിൽ 25,000 കിലോ തേൻ ശേഖരിക്കാൻ കഴിയും എന്നാണ് സംഘം ഭാരവാഹികളുടെ പ്രതീക്ഷ. ബോണസ് ഉൾപ്പെടെ വൻതേനിന് 400 രൂപയും പുറ്റുതേനിന് 420 രൂപയുമാണ് സംഘം ആദിവാസികൾക്ക് നൽകുന്നത്.