വയനാട്: വയനാട്ടിൽ ഇന്ന് രണ്ടുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈമാസം രണ്ടിന് രോഗബാധ സ്ഥിരീകരിച്ച മാനന്തവാടിയിലെ ട്രക്ക് ഡ്രൈവറുടെ 27 വയസുള്ള മകൾക്കും അഞ്ച് വയസുള്ള കൊച്ചുമകൾക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ ആണ് ഇരുവർക്കും രോഗബാധ ഉണ്ടായത്.
ഇന്ന് രോഗം സ്ഥിരീകരിച്ച യുവതിയുടെ 11 മാസം പ്രായമുള്ള കുഞ്ഞിന് രണ്ട് ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച 10 പേരാണ് വയനാട്ടിൽ ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ എട്ടുപേരും മാനന്തവാടി മേഖലയിൽ നിന്നുള്ളവരാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ കണ്ണൂർ സ്വദേശിക്കും, മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ട്രക്ക് ഡ്രൈവറിൽ നിന്ന് തന്നെയാണ് ഇവർക്കും രോഗം പിടിപെട്ടത്. ഒൻപത് പേർക്കാണ് ട്രക്ക് ഡ്രൈവറുമായുള്ള സമ്പർക്കത്തിലൂടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.