വയനാട്: കേരള കർണാടക അതിർത്തി പ്രദേശമായ കുടകിലെ കുട്ടയിൽ രണ്ടുപേരുടെ ജീവൻ അപഹരിച്ച നരഭോജി കടുവയെ വനംവകുപ്പ് സംഘം മയക്കുവെടി വച്ച് പിടികൂടി. ഇന്നലെ മുതൽ ചൂരിക്കാട് കാപ്പിത്തോട്ടത്തിന്‍റെ പരിസരത്ത് വനംവകുപ്പ് കോമ്പിങ് ഓപ്പറേഷൻ നടത്തിയാണ് കടുവയെ പിടികൂടിയത്.
കുട്ട ചൂരിക്കാട് കാപ്പി തോട്ടത്തിൽ ബന്ധുക്കളായ ചേതൻ (18), രാജു (65) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവ കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയതിന് അൽപം അകലെ നാനാച്ചി ഗേറ്റിന് സമീപത്ത് വച്ചാണ് കടുവയെ പിടികൂടിയത്. ഓപ്പറേഷനുമായി മുന്നിട്ടിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.
ഷാർപ്പ് ഷൂട്ടർമാരും ഡോക്‌ടർമാരും നൂറിലധികം വനപാലകരും അടങ്ങുന്ന സംഘത്തെ എട്ട് ടീമുകളെ രൂപീകരിച്ചാണ് വനംവകുപ്പ് ഇന്ന് പുലർച്ചെ കോമ്പിങ് ഓപ്പറേഷൻ ആരംഭിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഓപ്പറേഷൻ പൂർത്തിയായത്.
കടുവ രണ്ട് പേരുടെ ജീവൻ അപഹരിച്ചതിന് പിന്നാലെ പ്രദേശവാസികൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. പിന്നാലെ വനംവകുപ്പിനെതിരെ രോഷം പ്രകടിപ്പിച്ചുകൊണ്ട് ഇന്നലെ മാനന്തവാടി ഗോണിക്കുപ്പ അന്തർ സംസ്ഥാന പാത നാട്ടുകാർ ഉപരോധിച്ചിരുന്നു.