വയനാട്: ബൈക്ക് യാത്രക്കാർക്ക് നേരെ കടുവ ഓടി അടുക്കുന്ന വീഡിയോ ചിത്രീകരിച്ചത് പുൽപ്പള്ളി സുൽത്താൻബത്തേരി റോഡിൽ നിന്ന് തന്നെ ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ തർക്കവിഷയം ആയതോടെ കഴിഞ്ഞദിവസം സംസ്ഥാന വനം വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആണ് ബൈക്ക് യാത്രക്കാർക്ക് നേരെ കടുവ ഓടിഅടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ ദൃശ്യങ്ങൾ കർണാടകത്തിലെ ബന്ദിപ്പൂർ വനപാതയിലേതാണെന്ന അവകാശവാദവുമായി ഒരു കന്നട ചാനൽ ഈ വീഡിയോ സംപ്രേഷണം ചെയ്തിരുന്നു. അതേസമയം ഇത് മുത്തങ്ങ വനമേഖലയിൽ നിന്ന് എടുത്തതാണെന്നും പ്രചാരണമുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചെതലയം റേഞ്ച് ഓഫീസർ ഇരുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നത്. പുൽപ്പള്ളി സുൽത്താൻബത്തേരി പാതയിലെ വട്ടപ്പാടി എന്ന സ്ഥലത്തു നിന്ന് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. എന്നാൽ ആരാണ് ചിത്രീകരിച്ചത് എന്ന് വ്യക്തമായിട്ടില്ലെന്ന് ചെതലയം റേഞ്ച് ഓഫീസർ വി രതീശൻ പറഞ്ഞു.
വനപാതയിൽ കടുവയെ കണ്ടുവെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തിയ ചെതലയം റേഞ്ച് ഓഫീസിലെ വനപാലകർ ആണ് വീഡിയോ ചിത്രീകരിച്ചത്. എന്നാൽ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ നൽകിയത് അച്ചടക്കലംഘനം ആകുമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.