വയനാട്: മൂന്നിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ കടുവയുടെ ആക്രമണം. ചീരാല്‍ കുടുക്കി, അമ്പലവയല്‍ പോത്തുകെട്ടി, മീനങ്ങാടി മേപ്പരിക്കുന്ന് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്‌ച (21.10.2022) രാത്രി കടുവ ഇറങ്ങിയത്. സുല്‍ത്താന്‍ബത്തേരി താലൂക്കിലാണ് മൂന്ന് സ്ഥലങ്ങളും.
പോത്തുകെട്ടിയില്‍ കാവനാല്‍ വര്‍ഗീസിന്‍റെ ആടിനെയാണ് ഇന്നലെ രാത്രി കടുവ കൊന്നത്. വീട്ടിൽ നിന്ന് 200 മീറ്റര്‍ മാറി തോട്ടത്തില്‍ ഇന്ന് രാവിലെ ആടിന്‍റെ ജഡം കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയും പ്രദേശത്തു കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
ചീരാലില്‍ കുടുക്കി സ്വദേശി പാലപ്പുറത്ത് സ്‌കറിയയുടെ പശുവിനെയാണ് കടുവ കൊന്നത്. ഇതോടെ ഒരു മാസത്തിനിടെ ചീരാലില്‍ മാത്രം കടുവ കൊന്ന പശുക്കളുടെ എണ്ണം പത്തായി. രണ്ടു പശുക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
ഒരാഴ്‌ചത്തെ ഇടവേളയ്ക്കുശേഷമാണ് പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണമുണ്ടാകുന്നത്. മീനങ്ങാടി മേപ്പേരിക്കുന്നില്‍ അമ്പാട്ട് ജോര്‍ജിന്‍റെ ആടിനെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ കടുവ ആക്രമിച്ചത്. മൂന്നു വയസുള്ള ആടിന്‍റെ പിൻകാലിനു ഗുരുതരമായി പരിക്കേറ്റു. സുല്‍ത്താന്‍ബത്തേരി മേഖലയിൽ കടുവാശല്യം രൂക്ഷമായിട്ടും കടുവയെ പിടികൂടാനോ തുരത്താനോ കഴിയാതായതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.