വയനാട്: കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ട കര്‍ഷകന് വിദഗ്‌ദ ചികിത്സ നല്‍കുന്നതില്‍ വയനാട് മെഡിക്കല്‍ കോളജിന് വീഴ്‌ച പറ്റിയെന്ന് പരാതി. തോമസിന്‍റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തോമസിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ മകള്‍ സോന വീട്ടിലെത്തിയ മന്ത്രി കെ കൃഷ്‌ണന്‍കുട്ടിക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞു.
'മെഡിക്കല്‍ കോളജില്‍ ഡോക്‌ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. ആംബുലന്‍സ് സൗകര്യം പോലും അനുവദിച്ചില്ല. ഡ്രിപ്പ് ഇടാന്‍ പോലും ആരുമുണ്ടായിരുന്നില്ല. എന്‍റെ ചാച്ചനോ പോയി. വേറെയാര്‍ക്കും ഇങ്ങനെയൊരു ഗതി വരുത്തരുത്..' സോന പറഞ്ഞു.
വയനാട് ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപവും ശക്തമാണ്. സംഭവത്തിന് പിന്നാലെ ജില്ല കോൺഗ്രസ് കമ്മിറ്റി ഇന്ന് രാവിലെ മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ പള്ളിപ്പുറത്ത് തോമസ് (സാലു-50) ഈ മാസം 12നാണ് മരിക്കുന്നത്. വീടിന്‍റെ സമീപത്ത് വച്ചായിരുന്നു ഇയാളെ കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ തോമസിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കര്‍ഷകനെ വിദഗ്‌ദ ചികിത്സയ്‌ക്കായി കോഴിക്കോടേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.