വയനാട്: ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ദിവസം ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി. പുലര്‍ച്ചെ മൂന്ന് മണിക്ക് ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ഒരേസമയം 250 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്.
10 കര്‍മികളുടെ നേതൃത്വത്തിലാണ് ചടങ്ങ്. പുലര്‍ച്ചെ മുതൽക്കെ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ തിരുനെല്ലിയില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നു മണി മുതലാണ് പാപനാശിനിക്കരയില്‍ പിതൃതര്‍പ്പണം ആരംഭിച്ചത്. പത്മതീര്‍ത്ഥക്കുളം മുതല്‍ പാപനാശിനി വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.
ബലിയിട്ടു കഴിഞ്ഞവരെ ഗുണ്ഡികാശിവ ക്ഷേത്രം വഴി തിരിച്ചു വിട്ടു. പഞ്ചതീര്‍ വിശ്രമ മന്ദിരം മുതല്‍ പാപനാശിനിക്കു സമീപം പ്രവര്‍ത്തിച്ച ബലിസാധന വിതരണ കൗണ്ടര്‍ വരെ രണ്ടു വരികളിലായാണ് വിശ്വാസികളെ കടത്തി വിട്ടത്. കാലാവസ്ഥ അനുകൂലമായത് വിശ്വാസികൾക്ക് കൂടുതൽ സൗകര്യമായി.
പഞ്ചതീര്‍ത്ഥ വിശ്രമമന്ദിരം, ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച പൊതുസൗകര്യ കേന്ദ്രം എന്നിവിടങ്ങളിലും സ്വകാര്യ ഹോം സ്റ്റേകളിലുമാണ് ക്ഷേത്രത്തിലെത്തിയവര്‍ താമസിച്ചത്. പാപനാശിനിക്കരയില്‍ നടന്ന ബലിതര്‍പ്പണത്തിന് എ.സി നാരായണന്‍ നമ്പൂതിരി, ഗണേശന്‍ നമ്പൂതിരി, കുറിച്യന്‍മൂല നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
Also Read: കർക്കടക വാവ് : പിതൃസ്‌മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ