വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിച്ചു. കഴിഞ്ഞയാഴ്‌ച സൂചിപ്പാറയിൽ നിന്ന് കിട്ടിയ തിരിച്ചറിയാത്ത പുരുഷ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം നാളെ ലഭിക്കും.
ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ച് രക്ഷാപ്രവർത്തകരും നാട്ടുകാരും ഉൾപ്പടെ ആയിരത്തോളം പേർ നടത്തിയ 18 ദിവസം നീണ്ട തെരച്ചിലാണ് അവസാനിപ്പിച്ചത്. പുത്തുമലയിലെ ദുരന്തം പുറം ലോകത്തേക്ക് എത്തിച്ച മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെകെ സഹദ് ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരുടെ പുനരധിവാസം സാധ്യമാക്കാനുള്ള പ്രയത്നത്തിലാണ്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിലും സജീവമായിരുന്നു ഇദ്ദേഹം. പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ അമരക്കാരനായിരുന്ന വയനാട് സബ്‌കലക്‌ടർ ഉമേഷ് എൻഎസ്കെയും ദുരന്ത ബാധിതർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളില്‍ തന്നെയാണ് ഇപ്പോഴും. ദുരന്ത ബാധിതരുടെ പുനരധിവാസം ഏഴ് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.