വയനാട്: മാനന്തവാടിയിൽ സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് നടാനുള്ള തീരുമാനത്തിന് പിന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വ്യക്തി താൽപര്യങ്ങളെന്ന് ആരോപണം. എന്നാൽ വർക്കിങ് പ്ലാനിന്‍റെ ഭാഗമായാണ് തേക്ക് നടുന്നതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.
1958ൽ വനംവകുപ്പ് ബേഗൂർ റേഞ്ചിലെ 97 ഏക്കറിൽ തേക്ക് പ്ലാന്‍റേഷനുണ്ടായിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ഇവിടം സ്വാഭാവിക വനമായി മാറി.കഴിഞ്ഞ ആഗസ്റ്റിൽ റേഞ്ച് ഓഫീസർ നോർത്ത് വയനാട് ഡി.എഫ്.ഒക്ക് നൽകിയ കത്തിൽ ഇക്കാര്യം വിശദമാക്കുന്നുണ്ട്. പ്ലാന്‍റേഷന്‍ സ്വാഭാവിക വനമായി മാറിയതിനാൽ നാട്ടുകാരുടെ എതിർപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കത്തിലുണ്ട്.
എന്നാൽ പിന്നീട് സ്ഥലം സന്ദർശിച്ച നോർത്തേൺ സർക്കിൾ സി.സി.എഫ് മരങ്ങൾ മുറിച്ചുമാറ്റി തേക്കിൻ തൈ നടാൻ ഉത്തരവിട്ടു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കേരള വനഗവേഷണ കേന്ദ്രം പോലുള്ള സർക്കാർ ഏജൻസികൾ പഠനം നടത്തിയ ശേഷം മാത്രമേ മരംമുറിക്കൂ എന്ന നിലപാടിലാണ് വനംവകുപ്പ്.