വയനാട്: മാനന്തവാടിക്കടുത്ത് ഒണ്ടയങ്ങാടിയിൽ സ്വാഭാവിക വനമായി മാറിയ തേക്ക് പ്ലാന്‍റേഷനിൽ നിന്ന് മരങ്ങൾ മുറിച്ചു മാറ്റാനുള്ള നീക്കം വനംവകുപ്പ് ഉപേക്ഷിച്ചു. ഇവിടം സ്വാഭാവിക വനമായി തന്നെ സംരക്ഷിക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം.
മാനന്തവാടി- മൈസൂർ പാതയിൽ ബേഗൂർ റേഞ്ചിൽ തിരുനെല്ലി പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലും ഉൾപ്പെടുന്ന 97 ഏക്കർ സ്ഥലത്തെ മുഴുവൻ മരങ്ങളും മുറിച്ചുമാറ്റി തേക്ക് നടനായിരുന്നു വനംവകുപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനെതിരെ പഞ്ചായത്തും നഗരസഭയും ഉൾപ്പെടെ രംഗത്ത് വന്നപ്പോൾ തേക്ക് മാത്രം മുറിച്ചു മാറ്റാൻ തീരുമാനിച്ചു. എന്നാൽ ഇത് മറ്റ് മരങ്ങളുടെ വളർച്ചയെ ബാധിക്കുമെന്ന വിമർശനം ഉയർന്നപ്പോൾ തൃശ്ശൂരിലെ കേരള വന ഗവേഷണ കേന്ദ്രത്തോട് വിഷയത്തിൽ പഠനം നടത്താൻ വനംവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. സ്ഥലം സന്ദർശിച്ച ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മരം മുറിക്കരുത് എന്നാണ് റിപ്പോർട്ട് നൽകിയത്.
1959ലാണ് ഒണ്ടയങ്ങാടിയിൽ വനംവകുപ്പ് തേക്ക് പ്ലാന്‍റേഷൻ ഉണ്ടാക്കിയത്. വർക്കിങ് പ്ലാൻ അനുസരിച്ച് 60 വർഷങ്ങൾക്ക് ശേഷം തേക്ക് മരങ്ങൾ മുറിച്ചുമാറ്റണം. ഇതനുസരിച്ചാണ് മരങ്ങൾ മുറിച്ചു മാറ്റി തേക്ക് വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്.