വയനാട്: വൈത്തിരി പഞ്ചായത്തിൽ നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവ്. ഫ്ലാറ്റ് നിർമിക്കാൻ നികത്തിയ നെൽവയൽ പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് വയനാട് സബ് കലക്‌ടറാണ് ഉത്തരവിറക്കിയത്.
ചുണ്ടേലില്‍ ഗസൽ ബിൽഡേഴ്‌സിന്‍റെ 13 നില ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന ഭൂമിയാണ് നെല്‍വയലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുള്ളത്. വയൽ നികത്തി കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് 2016 ൽ പരിസ്ഥിതി പ്രവർത്തകനായ സി.എസ് ധർമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് മുൻ സബ് കലക്‌ടർ എൻ.എസ്.കെ.ഉമേഷ് അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിന്‍റെ ബലത്തിലാണ് ഉടമകൾ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കിയിരുന്നത്.
2018ൽ സബ് കലക്‌ടർ നൽകിയ ഉത്തരവിനെതിരെ ഫ്ളാറ്റ് നിർമാതാക്കൾ ലാൻഡ് റവന്യൂ കമ്മിഷണർക്ക് അപ്പീൽ നൽകിയിരുന്നു. അപാകത ഉണ്ടെങ്കിൽ ഉത്തരവ് പരിശോധിച്ച് തിരുത്തി, പുതിയ ഉത്തരവ് നൽകാൻ ലാൻഡ് റവന്യൂ കമ്മിഷണർ സബ് കലക്‌ടറോട് ആവശ്യപ്പെട്ടു. പഴയ നിലപാടിൽ തന്നെ സബ് കലക്‌ടർ ഉറച്ചുനിന്നു. എന്നാൽ ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. അതേസമയം ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് വന്നതോടെ സബ് കലക്‌ടറുടെ ഉത്തരവ് അസാധുവായെന്നാണ് ഫ്ലാറ്റുടമകളുടെ വാദം.