വയനാട്: സൂര്യഗ്രഹണം എല്ലായിടത്തും ദൃശ്യമാകാതിരുന്നത് ശാസ്ത്ര പ്രേമികളെ നിരാശയിലാഴ്ത്തി. വയനാട്ടില്‍ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് ഗ്രഹണം കാണാനായത്. ഗ്രഹണം ദർശിക്കാൻ കൽപ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ജില്ലാഭരണകൂടം ഒരുക്കിയിരുന്നത് .രാവിലെ എട്ടിനു മുൻപുതന്നെ വിദ്യാർഥികളും സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ ഇവിടെ എത്തി. എന്നാൽ മൂടൽമഞ്ഞും കാർമേഘങ്ങളും കാരണം സൂര്യനെ പോലും ദൃശ്യമായില്ല.
സുൽത്താൻബത്തേരിയിലും ഗ്രഹണം ദൃശ്യമായില്ല . അതേസമയം മാനന്തവാടി, പുൽപ്പള്ളി മേഖലകളിൽ വലയസൂര്യഗ്രഹണം പൂർണമായും ദൃശ്യമായി. മാനന്തവാടിയിൽ ഗവൺമെൻറ് യുപി സ്കൂളിൽ നഗരസഭ ഗ്രഹണം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അമ്പലവയലിനടുത്ത് ചീങ്ങേരി മലയിൽ ഗ്രഹണം കാണാൻ ഡി.ടി.പി.സി സൗകര്യമൊരുക്കിയിരുന്നുവെങ്കിലും എവിടെയും ഗ്രഹണം ദൃശ്യമായില്ല.