വയനാട്: ലോക്ക് ഡൗൺ കാരണം അടച്ചുപൂട്ടിയ സ്പോർട്സ് വെയർ നിർമാണ യൂണിറ്റിൽ മാസ്കുകൾ നിർമിച്ച് പ്രതിസന്ധി മറികടക്കുകയാണ് വയനാട്ടിലെ പടിഞ്ഞാറത്തറ കാവുമന്ദം സ്വദേശി ഷാനിദ. ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ വിവിധ തരം വര്‍ണചിത്രങ്ങളോടെയാണ് ഷാനിദയുടെ മാസ്‌ക് നിര്‍മാണം. അതുകൊണ്ട് തന്നെ ആവശ്യക്കാരും കൂടുതലാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങൾ മുതല്‍ കൊമ്പന്‍ മീശ പിരിക്കുന്ന പുരുഷരൂപങ്ങൾ വരെ മാസ്‌കില്‍ ഇടംപിടിക്കുന്നു. സാധാരണ മാസ്‌കിന് പത്ത് രൂപയും പ്രിന്‍റഡ് മാസ്‌കിന് 16 രൂപയുമാണ് വില.
ലോക്ക് ഡൗണ്‍ ആയതോടെ ഷാനിദയുടെ 'ട്രെന്‍ഡ് സ്‌പോര്‍ട്‌സ്' എന്ന സ്പോർട്സ് വെയർ നിർമാണ യൂണിറ്റിലെ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെല്ലാം നാട്ടിലേക്ക് പോയതോടെയാണ് യൂണിറ്റ് അടച്ചുപൂട്ടേണ്ടി വന്നത്. എന്നാല്‍ കൊവിഡ് കാലത്ത് മാസ്കുകൾക്ക് ക്ഷാമമുണ്ടെന്ന വാർത്ത കണ്ടതോടെ സ്റ്റോക്കുണ്ടായിരുന്ന തുണി ഉപയോഗിച്ച് മാസ്ക് നിർമാണം ആരംഭിക്കുകയായിരുന്നു. നിലവില്‍ നാട്ടുകാരാണ് തൊഴിലാളികളായി എത്തുന്നത്.