വയനാട്: ബത്തേരി സര്‍വജന സ്കൂളില്‍ ഷഹല എന്ന വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യപകര്‍ക്കും ഡോക്ടര്‍ക്കും വീഴ്ചപറ്റിയെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. അധ്യാപകരുടെയും ഡോക്ടറുടെയും അശ്രദ്ധയാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടാന്‍ കാരണമെന്ന് ജില്ലാ ജഡ്‌ഡി എ. ഹാരിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പാമ്പുകടിയേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പിതാവിനെ വിളിച്ച് കാത്തിരിക്കുകയാണ് അധ്യാപകര്‍ ചെയ്തത്. അരമണിക്കൂര്‍ സമയം അധ്യാപകര്‍ നഷ്ടപ്പെടുത്തി. കുട്ടിയേയും കൊണ്ട് പിതാവ് ആശുപത്രിയിലേക്ക് പോകുമ്പോള്‍ അധ്യാപകര്‍ കാഴ്ചക്കാരായി നിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറുയുന്നു. പാമ്പുകടിയേറ്റ കുട്ടിക്ക് കൃത്യമായി ചികിത്സ നല്‍കാന്‍ പരിശോധിച്ച ഡോക്ടര്‍ക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.