വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് പടിഞ്ഞാറത്തറയിൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. പടിഞ്ഞാറത്തറ തെങ്ങുമുണ്ടയിൽ വ്യാഴാഴ്‌ച(14.07.2022) രാത്രിയാണ് സംഭവം. തെങ്ങുമുണ്ട-വാരാമ്പറ്റ റോഡാണ് കനത്ത മഴയിൽ തകർന്നത്.
റോഡിന് സമീപത്തെ സംരക്ഷണ ഭിത്തിയടക്കം 20 മീറ്ററോളം പുഴയിലേക്ക് ആഴ്‌ന്നുപോയി. റോഡരികിൽ ഉണ്ടായിരുന്ന നിരവധി മരങ്ങളും കടപുഴകി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് റോഡിലൂടെ പതിവായി യാത്ര ചെയ്യുന്നത്.
രണ്ട് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡായതിനാൽ നിരവധി വാഹനങ്ങളും ഇതിലൂടെ കടന്നുപോകാറുണ്ട്. പ്രദേശത്ത് ഒരാഴ്‌ചയായി കനത്ത മഴ തുടരുകയാണ്. ഈ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പഞ്ചായത്താണ് പടിഞ്ഞാറത്തറ.
Also read: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്