വയനാട്:ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളാണ് പുറത്തു വരുന്നത്. പാമ്പു കടിച്ചതാണ് ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ഷഹ്ല കരഞ്ഞു പറഞ്ഞിട്ടും അവളുടെ ഉപ്പ വരട്ടെയെന്ന നിലപാടിലായിരുന്നു അധ്യാപകര്‍. കാലില്‍ നിന്ന് ചോര വരുന്നതു കണ്ട സഹപാഠികള്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അധ്യാപകര്‍ ചെവിക്കൊണ്ടില്ല. ചില അധ്യാപകര്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഷജില്‍ എന്ന അധ്യാപകന്‍ സമ്മതിച്ചില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്.
ബുധനാഴ്ച വൈകിട്ട് 3.10നാണ് ഷഹലക്ക് ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേല്‍ക്കുന്നത്. ഉടനെ അധ്യാപകരെ വിവരമറിയിച്ചു. മൂന്നരയോട് കൂടി അധ്യാപകര്‍ ഷഹലയുടെ ഉപ്പ അബ്ദുള്‍ അസീസിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. 3.45ന് സ്കൂളിലെത്തിയ അബ്ദുള്‍ അസീസ് കുട്ടിയുമായി ആശുപത്രിയിലേക്ക് തിരിച്ചു. നാലു മണിയോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആന്‍റിവെനം നല്‍കാന്‍ താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് 4.15ഓടെ താലൂക്കാശുപത്രിയിലെത്തിച്ചു. ആന്‍റിവെനം നല്‍കണമെന്ന് പിതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാതെ നിരീക്ഷണത്തില്‍ കിടത്തി. 4.45ന് കുട്ടിക്ക് ഛര്‍ദി ആരംഭിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ താലൂക്ക് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. വൈത്തിരിക്ക് സമീപമെത്തിയപ്പോള്‍ നില ഗുരുതരമായതിനെത്തുടര്‍ന്ന് 5.40ഓടെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍റിവെനം ഇല്ലാത്തതിനാല്‍ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് 6.15 ഓടെ മരണം.
വിലപ്പെട്ട മൂന്ന് മണിക്കൂറാണ് അധ്യാപകരുടേയും ഡോക്ടറുടേയും അനാസ്ഥമൂലം നഷ്ടമായത്. സംഭവത്തില്‍ അധ്യാപകനേയും ഡോക്ടറേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്ലാസ് മുറിയില്‍ കുട്ടികളെ ചെരിപ്പിടാന്‍ അനുവദിക്കാതിരുന്നതും വിവാദമായിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും വിദ്യാര്‍ഥികളുടേയും ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.