വയനാട്: വയനാട്ടിൽ പരിസ്ഥിതി ദുർബല പ്രദേശമായ പൂക്കോട് കുന്നിടിച്ചതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കുന്നിനു ചുറ്റും താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
ആദിവാസി ഭവന നിർമ്മാണ പദ്ധതിയുടെ പേരിലാണ് പൂക്കോട് തടാകത്തിൻ്റെ വൃഷ്ടിപ്രദേശം ആയ കുന്നിടിച്ച് റോഡ് പണിതത്. മൂന്നു വീടുകളാണ് കുന്നിനുമുകളിൽ പണിയുന്നത്. ഇതിനുവേണ്ടി കുന്നിടിച്ച് അരകിലോമീറ്ററോളം ദൂരത്തിലാണ് റോഡ് ഉണ്ടാക്കിയത്. കുന്നിലെ നിർമ്മാണപ്രവർത്തനങ്ങൾ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും കാരണമായേക്കുമെന്ന പേടിയിലാണ് കുന്നിനു ചുറ്റും കഴിയുന്നവർ. കഴിഞ്ഞ മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി മൂലം പല കുടുംബങ്ങളും ഇവിടെ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇരുന്നൂറോളം വീടുകളാണ് കുന്നിന് ചുറ്റും ഉള്ളത്.