രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും അനിശ്ചിതത്വത്തിന് ഒടുവില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയാണ് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചത്.ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ടി. സിദ്ദിഖിനെ ആയിരുന്നു വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ കേന്ദ്രനേതാക്കളുടെ സാന്നിധ്യം ശക്തമാക്കാന്‍ ചില കേരള നേതാക്കള്‍ ആവശ്യപ്പെട്ടതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്കെത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു സംഭവത്തിനാസ്പദമായ ആദ്യ സൂചനകള്‍ നല്‍കിയത്. എന്നാല്‍ സ്ഥാനാര്‍ഥിത്വം വൈകുന്നത് വിവാദയാമതോടെ രാഹുല്‍ വരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണു താൻ ചെയ്തതെന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.അതേ സമയം രാഹുലിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയ വാര്‍ത്തകളെ വിമര്‍ശിച്ച് സിപിഎം രംഗത്ത് വന്നിരുന്നു. രാജ്യത്ത് കോണ്‍ഗ്രസ് നേരിടേണ്ടത് ബിജെപിയെ ആണെന്നും കേരളത്തില്‍ ബിജെപി പ്രസക്തമല്ലെന്നും ആയതിനാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉചിതമല്ലെന്നും ആയിരുന്നു സിപിഎമ്മിന്‍റെ പ്രതികരണം. എന്നാല്‍ വടക്കേ ഇന്ത്യയില്‍ പരാജയം മണത്തതോടെയാണ് രാഹുല്‍ സുരക്ഷിത മണ്ഡലം തേടി വയനാട്ടില്‍ എത്തുന്നത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.സംസ്ഥാനത്ത് യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ മണ്ഡലങ്ങളിലൊന്നാണ് വയനാട് ലോക്സഭാ മണ്ഡലം. 2009ല്‍ രൂപികരിച്ച മണ്ഡലത്തില്‍ രണ്ട് തവണയും യുഡിഎഫ് സ്ഥാനാര്‍ഥിയായ എം.ഐ ഷാനവാസാണ് വിജയം കണ്ടത്.