വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേയ്ക്ക് മടങ്ങി. വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി മാനന്തവാടി ജില്ലാ ആശുപത്രിയും പനമരം കൊറ്റില്ലവും തൃശിലേരി പാടശേഖരലും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്.
വയനാട്ടിലെ തനത് നെല്ലിനങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് തിരുനെല്ലി പഞ്ചായത്തില്‍ ജൈവരീതിയില്‍ വയനാടന്‍ വിത്തുകള്‍ കൃഷി ചെയ്യുന്ന തിരുനെല്ലി അഗ്രോ പ്രോഡ്യൂസര്‍ കമ്പനിയുടെ കൃഷിയിടം അദ്ദേഹം സന്ദര്‍ശിച്ചത്. അവിടത്തെ കര്‍ഷകരുമായും അദ്ദേഹം സംസാരിച്ചു കാര്യങ്ങള്‍ വിലയിരുത്തി. ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ആര്‍ത്രോസ്‌കോപ്പി യൂണിറ്റിന്‍റെയും വെന്‍റിലേറ്റര്‍ യൂണിറ്റിന്‍റെയും ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വയനാട് കലക്ടേറ്റിലെ രണ്ട് അവലോകന യോഗങ്ങളും ജില്ലാ ആശുപത്രി സന്ദര്‍ശനവുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍.