വയനാട്: ജില്ലയില്‍ ഞാറാഴ്ച ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയാണ് (40) രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 269 ആയി ഉയർന്നു.
അതേസമയം കൊവിഡ് ചികിത്സാ രംഗത്ത് പ്രയോജനകരമായ രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്ലാസ്മ ബാങ്ക് മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ തുടക്കമായി. ജില്ലയില്‍ നിന്ന് ആദ്യമായി കൊവിഡ് രോഗ വിമുക്തനായ വ്യക്തി അടക്കം ഏഴ് പേര്‍ ആദ്യ ദിവസം തന്നെ രക്തം ദാനം ചെയ്യാനെത്തി. ഇവരെ പൂച്ചെണ്ട് നല്‍കി ആരോഗ്യ വകുപ്പ് അധികൃതർ സ്വീകരിച്ചു. കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ ആദ്യമായാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇതിന് മുൻപ് മഞ്ചേരി ഗവ മെഡിക്കല്‍ കോളജില്‍ പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.