വയനാട്: കൊവിഡ് വ്യാപനം ആരംഭിച്ചത് മുതൽ ജില്ലയിലെ അരിവാൾ രോഗികൾക്ക് (സിക്കിള്‍ സെല്‍ അനീമിയ) ദുരിതകാലമാണ്. ജില്ലയിലാകെ ആയിരം അരിവാള്‍ രോഗികളാണുള്ളത്. വയനാട് ജില്ലാ ആശുപത്രി പ്രത്യേക കോവിഡ് ആശുപത്രി ആക്കിയതോടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെയാണ് ഇവർ ആശ്രയിക്കുന്നത്. ജനറൽ വിഭാഗത്തിൽപ്പെട്ട അരിവാൾ രോഗികൾക്ക് ഒമ്പത് മാസമായി പെൻഷനും കിട്ടുന്നില്ല. സാമൂഹ്യ സുരക്ഷാ മിഷൻ ആണ് ഇവർക്ക് പെൻഷൻ നൽകേണ്ടത്. മാസം 2000 രൂപയാണ് പെൻഷൻ.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് പട്ടികവർഗ വകുപ്പ് മാസംതോറും 2500 രൂപ വീതം പെൻഷൻ നൽകുന്നുണ്ട്. ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമുണ്ട് അരിവാൾ രോഗികൾക്ക്. ഇവർക്ക് കഠിനമായ ജോലികൾ ചെയ്യാനും കഴിയില്ല. പെൻഷൻ കിട്ടാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ അരിവാൾ രോഗികൾ. കഴിഞ്ഞ ദിവസം കൽപ്പറ്റയിലെത്തിയ മുഖ്യമന്ത്രിയെ അരിവാൾ രോഗികളുടെ സംഘടനാ നേതാക്കൾ നേരിട്ട് കണ്ടിരുന്നു.