വയനാട്: യൂണിവേഴ്സിറ്റി കോളജ് വിഷയത്തെ മുഖ്യമന്ത്രി നിസാരവത്ക്കരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റസമ്മതം കൊണ്ടു കാര്യമില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ല, എന്നാൽ പരീക്ഷയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ പി എസ് സിയുടെ സൽപേരാണ് നഷ്ടമായത്. കേരളത്തിലെ അധോലോക നായകർ ക്യാമ്പസുകളിൽ നിന്നും വന്ന എസ്എഫ്ഐക്കാരാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ പൊലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ നേരത്തെ നടപടി എടുക്കണമായിരുന്നെന്നും മുല്ലപ്പള്ളി വിമർശിച്ചു. ആഭ്യന്തര വകുപ്പിന് നാഥനില്ലാതായി. ആഭ്യന്തര മന്ത്രി സ്ഥാനമെങ്കിലും രാജിവയ്ക്കാൻ പിണറായി വിജയൻ തയ്യാറാകണം. സാജന്‍റെ കുടുംബത്തെ സർക്കാർ വേട്ടയാടുകയാണ് ചെയ്യുന്നതെന്ന് മുല്ലപ്പള്ളി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.