വയനാട്: വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുരങ്ങുകളുടെ എണ്ണം കൂടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആശങ്ക കൂടുന്നത്.
വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ വയനാട്ടിലെ ഏതാണ്ട് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുരങ്ങുകളെ ധാരാളമായി കാണാന്‍ സാധിക്കും. പൂക്കോട് തടാകം, കുറുവാ ദ്വീപ്, മുത്തങ്ങ, തോൽപെട്ടി തുടങ്ങിയിടങ്ങളിലെല്ലാം കുരങ്ങുകളെ കൂട്ടമായി തന്നെ കാണാം. എന്നാൽ ഇവയിൽ നിന്നും പനി പരത്തുന്ന ചെള്ളുകൾ മനുഷ്യരിൽ പടരാതിരിക്കാന്‍ വേണ്ട മുൻകരുതൽ നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.
തിരുനെല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയോട് ചേർന്നാണ് കുരങ്ങുപനി ഇക്കൊല്ലവും റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. രോഗബാധക്കുള്ള സാധ്യത ഈ മേഖലയിലാണ് കൂടുതലുള്ളതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.