വയനാട്: മെറ്റൽ ആർട്ടിലൂടെ ശ്രദ്ധേയനാവുകയാണ് വയനാട് നാലാം മൈൽ സ്വദേശി ലിഫാസ് ലത്തീഫ്. ഉപയോഗശൂന്യമായ വസ്‌തുക്കൾ ഉപയോഗിച്ച് കൗതുകമാർന്ന നിരവധി മിനിയേച്ചർ രൂപങ്ങളാണ് ഇതിനകം ലിഫാസിന്‍റെ കരവിരുതിൽ പിറന്നത്. തോക്കുകൾ, പീരങ്കി, വാഹനങ്ങൾ തുടങ്ങി വിവിധ സംഗീതോപകരണങ്ങളുടെ വരെ ചെറുരൂപങ്ങളുണ്ട് ലിഫാസിന്‍റെ പക്കൽ.
എല്ലാം ഉപയോഗശൂന്യമായ വസ്‌തുക്കളാൽ നിർമിച്ചവ. പാഴ്വസ്‌തുക്കൾ എവിടെ കണ്ടാലും ലത്തീഫ് അത് കൈക്കലാക്കും. പിന്നെ അതെങ്ങനെ മനോഹരമായ ഒരു രൂപത്തിലേക്കു മാറ്റാം എന്ന ചിന്തയാണ്.
ഓരോ ചെറുരൂപങ്ങൾക്ക് പിന്നിലും മണിക്കൂറുകളുടെ അധ്വാനമുണ്ടെന്ന് ലിഫാസ് പറയുന്നു. ലിഫാസിന്‍റെ കഴിവ് കണ്ടറിഞ്ഞ് പലരും ചെറു രൂപങ്ങൾ വാങ്ങാനായി എത്താറുണ്ട്. എന്നാൽ ബിസിനസ് എന്നതിലുപരി ലിഫാസിന് ഇതൊരു വിനോദമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ് ലിഫാസിന്‍റെ മെറ്റൽ ആർട്ട്.