വയനാട്: വയനാട്ടിലെ പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിനെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതിയായ പ്രിയദർശിനി എസ്റ്റേറ്റ് 13 വർഷമായി നഷ്ടത്തിലാണ്.
1984ലാണ് പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിൽ ആദിവാസികളെ പുനരധിവസിപ്പിച്ചത്. 2006 മുതൽ തോട്ടം നഷ്ടത്തിലാണ്. ട്രൈബൽ ഡിപ്പാർട്ട്മെന്‍റിൽ നിന്ന് കിട്ടുന്ന ധനസഹായം കൊണ്ടാണ് തൊഴിലാളികളായ ആദിവാസികൾക്ക് കൂലി കൊടുക്കുന്നത്. നഷ്ടം കുറയ്ക്കാൻ എസ്റ്റേറ്റിൽ വിനോദസഞ്ചാര പദ്ധതികൾ നേരത്തെ തുടങ്ങിയിരുന്നു. ഇതിന്‍റെ ചുമതല ഇപ്പോൾ പൂർണമായും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെ ഏൽപ്പിച്ചു കഴിഞ്ഞു. പകരം ഒരു നിശ്ചിത തുക കൗൺസിൽ എസ്റ്റേറ്റിന്‍റെ ഭരണ ചുമതലയുള്ള ആദിവാസി സമിതിക്ക് നൽകും. എസ്‌റ്റേറ്റിന്‍റെ നഷ്ടത്തിന് പ്രധാന കാരണമായ ഫാക്ടറിയുടെ നടത്തിപ്പ് ചുമതല പാട്ടത്തിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഏഴ് ലക്ഷം കിലോഗ്രാം തേയില ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഉള്ള ഫാക്ടറിയാണ് പ്രിയദർശിനിയിൽ ഉളളത്. എന്നാൽ ഇതിന് വേണ്ട തേയിലച്ചെടികൾ ഇവിടെയില്ല. 28 ലക്ഷം കിലോഗ്രാം ഇലയാണ് വേണ്ടതെങ്കിലും പുറത്തുനിന്ന് വാങ്ങുന്നത് ഉൾപ്പെടെ 20 ലക്ഷത്തോളം കിലോഗ്രാം ഇലയേ പ്രിയദർശിനിയിൽ ലഭ്യമാകുന്നുള്ളു.