വയനാട്: വയനാട്ടിൽ പി.വി അബ്‌ദുള്‍ വഹാബ് എംപിയുടെ ഉടമസ്ഥതയിലുള്ള കുറിച്യർ മല എസ്റ്റേറ്റിൽ തൊഴിലാളികൾ തോട്ടം കൈയ്യേറാൻ ഒരുങ്ങുന്നു. മാനേജ്മെന്‍റ് തൊഴിൽ നിഷേധിക്കുന്നതിനെതിരെയാണ് നടപടി. പ്രതിഷേധത്തിന്‍റെ ഭാഗമായി തൊഴിലാളികൾ എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ കഞ്ഞി വച്ച് സൂചനാ സമരം നടത്തി.
പൊഴുതന പഞ്ചായത്തിലാണ് രണ്ടായിരത്തിലധികം തൊഴിലാളികളുള്ള കുറിച്യർമല എസ്റ്റേറ്റ്. ഇരുന്നൂറ്റിയമ്പതോളം തൊഴിലാളികളുണ്ട് ഇവിടെ. വർഷങ്ങളായി ഇവിടെ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകുന്നില്ല. മാസങ്ങളായി തൊഴിൽ നിഷേധിക്കുകയാണെന്നും പരാതിയുണ്ട്. കഴിഞ്ഞ പ്രളയം നാശം വിതച്ച പ്രദേശങ്ങളിലെ തൊഴിലാളികളിൽ പലരും ഇപ്പോഴും ക്യാമ്പുകളിലാണ് കഴിയുന്നത്. എസ്റ്റേറ്റ് പ്രശ്‌നത്തിൽ നാളെ മാനേജ്മെന്‍റ് തൊഴിലാളികളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തോട്ടം കൈയ്യേറി തേയില എടുത്ത് വിൽക്കാനാണ് തൊഴിലാളികളുടെ തീരുമാനം.