വയനാട്: വയനാട്ടിലെ കർഷകർക്ക് ഇരുട്ടടി ആയി തുടർച്ചയായി രണ്ടാം തവണയും ഉണ്ടായ പ്രളയം. പ്രളയത്തിൽ ജില്ലയിലെ കാർഷിക മേഖലയിൽ 220 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞവർഷത്തെ നഷ്ടപരിഹാരം അധികം കർഷകർക്കും ഇപ്പോഴും കിട്ടിയിട്ടില്ല.
വാഴ, നെല്ല്, കുരുമുളക്, കാപ്പി തുടങ്ങി വയനാടിൻ്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന എല്ലാ വിളകളും പ്രളയത്തിൽ മുങ്ങി. നൂറ്റിഎൺപതര കോടി രൂപയുടെ വാഴകൃഷി നശിച്ചു എന്നാണ് ഇപ്പോഴത്തെ കണക്ക് .1770 ഹെക്ടർസ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. 27 കോടി രൂപയുടെ നഷ്ടം ഇതുകൊണ്ടുണ്ടായി എന്നാണ് നിഗമനം. മഴ കിട്ടാൻ വൈകിയതുകൊണ്ട് ഇത്തവണ നെൽകർഷകർ വൈകിയാണ് കൃഷിയിറക്കിയത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ അതും പ്രളയം എടുത്തു.
ഒരാഴ്ച കൂടി കഴിഞ്ഞാലേ കാർഷിക നഷ്ടത്തിൻ്റെ യഥാർത്ഥ ചിത്രം കിട്ടൂ. ഇപ്പോൾ കണക്കാക്കിയതിൻ്റെ ഇരട്ടിയോളം വരും യഥാർത്ഥ നഷ്ടം എന്നാണ് വിലയിരുത്തൽ.