വയനാട്: വയനാട്ടിൽ ഇന്നും സമ്പർക്കത്തിലൂടെ മൂന്നു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ പത്ത് പേർക്ക് ആണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 324 ആയി. ഇതിൽ 136 പേർ രോഗമുക്തി നേടി. അതേസമയം രോഗബാധ തടയാൻ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 65 വയസിനുമുകളിൽ പ്രായമുള്ളവർ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കച്ചവടം ചെയ്യുന്നതും, കടകളിൽ ജോലിക്ക് നിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് പരിശോധിക്കാൻ ജില്ലയിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.
സഹായം വേണ്ട വയോധികർക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഹായം നൽകണം. ഇതോടൊപ്പം ജില്ലയിലെ ടർഫുകൾ, ഇൻഡോർ കളി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കളികൾ നിരോധിച്ചിട്ടുണ്ട്.
സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ ലബോറട്ടറികൾ സ്കാനിംഗ് സെൻററുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ ക്വാളിറ്റി കണ്ട്രോൾ സ്ക്വാഡ് രൂപീകരിച്ചു. ആരോഗ്യവകുപ്പ് നിഷ്കർഷിച്ച ഇൻഫെക്ഷൻ കൺട്രോൾ പ്രവർത്തനങ്ങൾ ഇവിടങ്ങളിൽ നടക്കുന്നുണ്ടോയെന്ന് സ്ക്വാഡ് പരിശോധിക്കും. ജില്ലയിൽ രണ്ട് പഞ്ചായത്തിലെ മുഴുവൻ വാർഡുകൾ ഉൾപ്പെടെ 87 വാർഡുകളാണ് കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. പുൽപ്പള്ളി, തിരുനെല്ലി പഞ്ചായത്തുകളിലാണ് മുഴുവൻ വാർഡുകളും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു.