നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന കുടിയേറ്റമാണ് ആധുനിക വയനാടിന്‍റെ സൃഷ്ടിയിലേക്ക് നയിച്ചത്. ശിലായുഗ കാലം വരെ പിന്നോട്ടുനീളുന്ന സാംസ്കാരിക പൈതൃകവും ചരിത്രവുമുണ്ടതിന്. അതിശൈത്യവും മഞ്ഞും മലമ്പനിയും നേരിട്ട് തേയിലയും കാപ്പിയുമായി ചുരം വെട്ടിക്കയറിയ ബ്രിട്ടീഷുകാരും പിന്നാലെയെത്തിയ കുടിയേറ്റ കര്‍ഷകരും വയനാടിന്‍റെ വളര്‍ച്ചയ്ക്കും സാംസ്കാരിക മാറ്റത്തിനും വഴിയൊരുക്കി. ഹൈദരാലിയുടെ പടയോട്ടവും വെള്ളക്കാര്‍ക്കെതിരെ പോരാടാന്‍ കാടുകയറിയ പഴശ്ശിത്തമ്പുരാന്‍റെയും സൈന്യാധിപന്മാരായിരുന്ന എടച്ചനക്കുങ്കന്‍റെയും തലയ്ക്കല്‍ ചന്തുവിന്‍റെയും കഥകള്‍ വയനാടിന്‍റെ വീരചരിതമാണ്. വിസ്തൃതിയുടെ 40 ശതമാനവും വനഭൂമിയായ ജില്ലയില്‍ ജനസംഖ്യയുടെ 31 ശതമാനം ആദിവാസി ജനവിഭാഗങ്ങളാണ്. ജില്ലയിലെ മൂന്നില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളും സംവരണം ചെയ്തിരിക്കുന്നു. ജില്ലയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിര്‍ണയിക്കുന്നത് പക്ഷെ മുസ്ലിം ക്രൈസ്തവ വോട്ടുകളാണ്. വനാതിര്‍ത്തിയിലെ മനുഷ്യ മൃഗ സംഘര്‍ഷങ്ങളും കയ്യേറ്റവും പരിസ്ഥിതി ലോല വിജ്ഞാപനങ്ങളും രാത്രിയാത്രാ നിരോധനവുമടക്കമുള്ള ജീവല്‍ പ്രശ്നങ്ങള്‍ പതിവില്ലാത്ത വിധം വയനാടിന്‍റെ രാഷ്ട്രീയ ഭൂമികയെ ചൂട് പിടിപ്പിക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനം സൃഷ്ടിച്ച ആശങ്കയും ചിരകാല സ്വപ്നമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ കാര്യത്തിലുള്ള അനിശ്ചിതത്വവും രാഷ്ട്രീയ വിവാദങ്ങളും ആര്‍ക്കുള്ള വോട്ടായി മാറുമെന്നതും ജില്ലയില്‍ നിര്‍ണായകമാകും.
കണക്കുപുസ്തകങ്ങളില്‍ ഇളക്കമില്ലാത്ത യുഡിഎഫ് കോട്ട, പക്ഷെ 2016ല്‍ ചെങ്കൊടിയേന്തുന്ന കാഴ്ച രാഷ്ട്രീയ കേരളം കണ്ടത് കൗതുകത്തോടെ. മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫിനൊപ്പം നിന്നത് സുല്‍ത്താന്‍ ബത്തേരി മാത്രം. കല്‍പ്പറ്റയിലും മാനന്തവാടിയിലും ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചു കയറി. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി ചുരം കയറിയതോടെ ജില്ല ദേശീയ ശ്രദ്ധയില്‍. വയനാട്ടില്‍ നിന്നും വീശിയ രാഹുല്‍ തരംഗത്തില്‍ സംസ്ഥാനത്തെ ഇടതു കോട്ടകളെല്ലാം തകര്‍ന്നു വീണതും ചരിത്രം. രാഹുല്‍ എഫക്ട് താല്‍ക്കാലികമാണെന്ന് ആശ്വസിക്കുകയാണ് ഇടതുമുന്നണി. പൊരിഞ്ഞ പോരാട്ടം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ഇരുമുന്നണികള്‍ക്കും ആത്മവിശ്വാസം പകരുന്നു. ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ മാനന്തവാടി യുഡിഎഫിനൊപ്പം നിന്നു. ജില്ലാപ്പഞ്ചായത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തി. ഗ്രാമപ്പഞ്ചായത്തുകളില്‍ പക്ഷെ മുന്‍തൂക്കം ലഭിച്ചത് യുഡിഎഫിന്. 23ല്‍ 17 പഞ്ചായത്തുകളും വലത്തേക്ക് ചാഞ്ഞു. എല്‍ഡിഎഫിന് വിജയിക്കാനായത് ആറിടത്ത് മാത്രം.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്നും വലതുപക്ഷമനസ് പ്രകടിപ്പിക്കാറുള്ള വയനാടൻ സ്വഭാവം തന്നെയാണ് മാനന്തവാടിക്ക്. ദീര്‍ഘകാലം കോണ്‍ഗ്രസിനെ പിന്തുണച്ച പഴയ വടക്കേ വയനാട് മണ്ഡലമാണ് 2008ല്‍ പട്ടിക വര്‍ഗ സംവരണ മണ്ഡലമായ മാനന്തവാടിയായി മാറിയത്. 2011ല്‍ യുഡിഎഫിന്‍റെ ഒരേ ഒരു വനിത എംഎല്‍എയും മന്ത്രിയുമൊക്കെയായ പികെ ജയലക്ഷ്മി ജയിച്ചുകയറിയ മണ്ഡലം. അഴിമതിയാരോപണങ്ങളും വിവാദങ്ങളുമുയര്‍ന്ന 2016ല്‍ മന്ത്രിയെ വീഴ്ത്തി സിപിഎം നേതാവ് ഒആര്‍ കേളു മണ്ഡലം ഇടതുമുന്നണിയിലെത്തിച്ചു. പികെ ജയലക്ഷ്മിയും ഒആര്‍ കേളുവും വീണ്ടും മത്സരത്തിനെത്തുമ്പോള്‍ മണ്ഡലത്തില്‍ തീപാറും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം എത്തിയ സാഹചര്യവും പോരാട്ടം വീറുറ്റതാക്കുന്നു. സ്ഥാനാര്‍ഥിയറിയാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി ബിജെപി നേതൃത്വത്തിന് മുഖം നഷ്ടമായതും മാനന്തവാടിയിലെ കാഴ്ചയാണ്. സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ച മണിക്കുട്ടന്‍ പിന്മാറിയതോടെ പള്ളിയറ മുകുന്ദനെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കുകയാണ് എന്‍ഡിഎ.
നിലവിൽ വയനാട് ജില്ലയിൽ യുഡിഎഫിന്‍റെ ഏക സിറ്റിങ് സീറ്റാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം. കർണാടകയുമായും തമിഴ്‌നാടുമായും അതിർത്തി പങ്കിടുന്ന സുല്‍ത്താന്‍ ബത്തേരിക്കും ചായ്‌വ് വലത്തോട്ട് തന്നെ. 1977 ൽ തുടങ്ങിയ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പത്തില്‍ എട്ട് തവണയും മണ്ഡല മനസ് വലതിനൊപ്പമായിരുന്നു. 2011 ലും 2016 ലും മണ്ഡലത്തില്‍ ജയിച്ചു കയറിയ ഐസി ബാലകൃഷ്ണന്‍ മൂന്നാമങ്കത്തിനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ. കോണ്‍ഗ്രസ് വിട്ടുവന്ന എംഎസ് വിശ്വനാഥനാണ് ബത്തേരിയിലെ ഇടത് സ്ഥാനാര്‍ഥി. പടലപിണക്കങ്ങളും നേതാക്കളുടെ കൊഴിഞ്ഞുപോക്കും പ്രതിസന്ധിയിലാക്കിയ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കപ്പെടുമെന്നാണ് ഇടതുമുന്നണി കണക്ക് കൂട്ടുന്നത്. തദ്ദേശത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിവിട്ടത് യുഡിഎഫിന് തിരിച്ചടിയാകുമെന്നുറപ്പ്. ഭൂരിപക്ഷം കുറഞ്ഞാലും ജയിച്ചു കയറാമെന്നാണ് വലത് ക്യാമ്പിന്‍റെ പ്രതീക്ഷ. കാര്യമായ വിജയ പ്രതീക്ഷ വച്ച് പുലർത്തുന്നില്ലെങ്കിലും മണ്ഡലത്തിലെ വോട്ടിങ്ങ് ശതമാനം ഉയർത്താനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 27,920 വോട്ട് പിടിച്ച സി.കെ ജാനു തന്നെയാണ് ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ഥി.
കഴിഞ്ഞ തവണ തോല്‍പ്പിച്ചുവിട്ട യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടു തേടുകയാണ് കല്‍പ്പറ്റയിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍. 2016ല്‍ മണ്ഡലം പിടിച്ചെടുത്ത, ജനകീയനായ സികെ ശശീന്ദ്രന് പകരം ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് തിരിച്ചടിയാകുമോയെന്ന നേരിയ ആശങ്കയും ഇടതുപക്ഷത്തുണ്ട്. മറുവശത്ത് ടി സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ഥിയായതോടെ ജില്ലയിലെ തന്നെ എറ്റവും കരുത്തുറ്റ പോരാട്ടം നടക്കുന്ന മണ്ഡലമായി കല്‍പ്പറ്റ മാറി. നഗരസഭ നഷ്ടമായെങ്കിലും എട്ട് പഞ്ചായത്തുകള്‍ പിടിക്കാനായത് യുഡിഎഫിന് കരുത്ത് പകരുന്നു. രാഹുല്‍ ഗാന്ധിയെ അടക്കം രംഗത്തിറക്കി അനുകൂല വിധിയുണ്ടാക്കിയെടുക്കാനാണ് യുഡിഎഫ് ശ്രമം. തൊഴിലാളി വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഇരു മുന്നണികള്‍ക്കും പ്രതീക്ഷകള്‍ ഒരുപോലെ തന്നെ.
ഉറച്ച കോട്ടയെന്ന് ആശ്വസിക്കുമ്പോഴും ജില്ലാ കോണ്‍ഗ്രസിലെ അസംതൃപ്തിയും കൊഴിഞ്ഞു പോകലുകളും യുഡിഎഫിനെ വലിയ ആശങ്കയിലാക്കുന്നുണ്ട്. ഡിസിസി സെക്രട്ടറിമാരും മുതിര്‍ന്ന നേതാക്കളുമടക്കമുള്ളവരാണ് കോണ്‍ഗ്രസ് വിട്ട് ഇടത്തേക്ക് ചേക്കേറിയത്. കെപിസിസി സെക്രട്ടറിയായിരുന്ന എംഎസ് വിശ്വനാഥന്‍ ബത്തേരിയിലെ ഇടത് സ്ഥാനാര്‍ഥിയായത് വരെയെത്തി നില്‍ക്കുന്നു ജില്ലയിലെ സംഘടനാ പ്രശ്നങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ തട്ടകത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസിനും യുഡിഎഫിനും അംഗീകരിക്കാനാകില്ല. ജില്ലയില്‍ പരാജയപ്പെട്ടാല്‍ അത് രാഹുല്‍ ഗാന്ധിയുടെ തന്നെ തോല്‍വിയായി ദേശീയ തലത്തിലടക്കം ചര്‍ച്ചയാകുമെന്ന് ഉറപ്പ്.