വയനാട്: പുൽപ്പള്ളിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകിട്ടാണ് പുൽപ്പള്ളിയിലെ വീട്ടിൽ മൂല ആദിവാസി കോളനിക്ക് സമീപം പ്ലാസ്റ്റിക് കവറിൽ പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കോളനിയിലെ ഒരു സ്ത്രീ പ്രസവിച്ച കുഞ്ഞാണിതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുഞ്ഞ് ചാപിള്ള ആയതിനാൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കോളനിയിലെ സ്ത്രീ പോലീസിന് നൽകിയ മൊഴി. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ നൽകിയ സൂചന എന്ന് പുൽപ്പള്ളി എസ് ഐ പറഞ്ഞു.
പ്രസവത്തിന് ആശുപത്രിയിലെത്തിക്കാൻ പ്രൊമോട്ടർമാരും അയൽവാസികളും ശ്രമിച്ചിരുന്നെങ്കിലും സ്ത്രീ തയ്യാറായില്ലെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. ഏഴ് കുട്ടികളുടെ അമ്മയായ ഇവർ രണ്ടാമത്തെ ഭർത്താവിനൊപ്പമാണ് താമസം. ഇയാള്‍ ജോലി സംബന്ധമായി രണ്ടാഴ്ചയായി കര്‍ണാടയില്‍ ആണ്.