വയനാട്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ എം പി വീരേന്ദ്രകുമാർ എംപിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് വയനാട് ജില്ലാഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൽപ്പറ്റ പുളിയാർമലയിലുള്ള വസതിയിലാണ് പൊതു ദർശനവും സംസ്‌കാര ചടങ്ങുകളും നടക്കുക. ഭൗതികശരീരം കാണാനെത്തുന്നവർ മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഭൗതിക ശരീരം കാണാനെത്തുന്നവരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭൗതികശരീരം കാണാൻ സമയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെ രാഷ്‌ട്രീയ പ്രതിനിധികൾ ജനപ്രതിനിധികൾ എന്നിവർക്കും രണ്ടുമുതൽ മൂന്നുവരെ മാതൃഭൂമി ജീവനക്കാർക്കും എം പി വീരേന്ദ്രകുമാറിന്‍റെ പാർട്ടി പ്രവർത്തകർക്കും, മൂന്ന് മുതൽ നാല് വരെ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നാല് മുതൽ അഞ്ചു വരെ സംസ്ഥാന സർക്കാർ പ്രതിനിധികൾക്കുമാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.