വയനാട്: സ്വന്തമായി ജൈവ നെല്ല് സംസ്‌കരണശാല നിർമിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ് വയനാട്ടിലെ തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി. കേരളത്തിലെ ആദ്യത്തെ ജൈവ നെല്ല് സംസ്‌കരണശാലയാണിത്. വയനാട്ടിൽ നാടൻ നെല്ലിനങ്ങൾ മാത്രം കൃഷി ചെയ്യുന്നവരുടെ കൂട്ടായ്മയാണ് തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി.
ഉല്‍പാദിപ്പിക്കുന്ന നെല്ല് അരിയാക്കി വിപണനം ചെയ്യാൻ 2017ലാണ് കർഷകരുടെ സംഘം, കമ്പനി രൂപീകരിച്ചത്. നൂറോളം കർഷകർ കമ്പനിയിൽ അംഗങ്ങളായുണ്ട്. തൊണ്ടി, പാൽതൊണ്ടി, വലിയചെന്നെല്ല്, ചെന്താടി, മുള്ളൻകൈമ, ഗന്ധകശാല എന്നീ ഇനങ്ങളാണ് കർഷകർ കൃഷി ചെയ്യുന്നത്. ഒപ്പം സംരക്ഷണം ലക്ഷ്യമിട്ട് മറ്റ് 20 നാടൻ നെല്ലിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. 120 ടൺ ജൈവ നെല്ല് ഇക്കൊല്ലം കമ്പനി ഇതുവരെ സംഭരിച്ചുകഴിഞ്ഞു.