വയനാട്: വൈത്തിരി കുറിച്യർ മല പീവീസ് എസ്റ്റേറ്റിലെ തൊഴിൽ നിഷേധത്തിൽ പ്രതിഷേധിച്ച് എംപിയുടെ വസതിയിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി. വിവിധ തൊഴിലാളി യൂണിയന്‍റെ നേത്യത്വത്തിലുള്ള തൊഴിലാളികൾ വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. നിലമ്പൂർ ടിബി പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ഒസികെ ഓഡിറ്റോറിയത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇരുന്നൂറോളം തൊഴിലാളികളാണ് പ്രതിഷേധവുമായി പി. വി. അബ്‌ദുൽ വഹാബ് എംപിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.കേരള പ്ലാന്‍റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗെഗാറിൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
വളരെ മോശമായ രീതിയിലാണ് തങ്ങളോടുള്ള മാനേജ്മെന്‍റിന്‍റെ സമീപനമെന്ന് തൊഴിലാളികള്‍ പറയുന്നു. ജോലി നിഷേധിക്കുന്നതും എസ്റ്റേറ്റ് മാനേജറുടെ മാടമ്പിത്തരവും തൊഴിലാളികളിൽ കടുത്ത അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്ത് ദിവസം ജോലി നൽകാമെന്നാണ് എസ്റ്റേറ്റ് ഉടമയുടെ ഇപ്പോഴത്തെ നിലപാടെന്നും തൊഴിലാളികള്‍ പറയുന്നു.
അതേ സമയം പതിനേഴ് തൊഴിലാളി കുടുംബങ്ങൾ പ്രളയത്തിൽ പെട്ടപ്പോൾ ഒരു കിലോ അരി പോലും എത്തിച്ച് നൽക്കാൻ എംപി തയ്യാറായില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. വയനാട് കലക്‌ടറേറ്റിലേക്കും ഇന്‍റക്‌സിന്‍റെ ജില്ലാ ഓഫീസിലേക്കും സമരം നടത്തിയിട്ടും പി. വി. അബ്ദുൾ വഹാബ് എം.പി. തൊഴിലാളികളുടെ പ്രശ്നം കേൾക്കാൻ പോലും തയ്യാറായില്ല. തൊഴിലാളി വിരുദ്ധ നിലപാടുമായി മുന്നോട്ട് പോയാൽ വഹാബിന്റെ വീടിന് മുന്നിൽ നിരാഹാര സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം.