വയനാട്: വയനാട് ബാണാസുര മലയിൽ മാവോയിസ്റ്റ് വെടിയേറ്റ് മരിച്ച സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിച്ചു. ഏഴ് മാധ്യമ പ്രവർത്തകർക്കാണ് പ്രവേശിക്കാൻ അനുമതി ലഭിച്ചത്. ബാണാസുരമലയിൽ മീൻമുട്ടി വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നത്.
യൂക്കാലി മരങ്ങൾ ഉള്ള നിരപ്പായ സ്ഥലത്തു വച്ചാണ് ആദ്യം ആക്രമണമുണ്ടായതെന്ന് പൊലീസ് പറയുന്നു. മാവോയിസ്റ്റുകളാണ് ആദ്യം വെടി വെച്ചതെന്നാണ് പൊലീസ് അവകാശവാദം. മരത്തിൽ വെടിയുണ്ടകൾ തറച്ച അടയാളങ്ങൾ കാണാം. ഇൻക്വസ്റ്റിനു ഉപയോഗിച്ച ഗ്ലൗസുകളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. അൽപ്പം മാറി ചെറിയ ചരിവുള്ള സ്ഥലത്താണ് മൃതദേഹം കിടന്നതെന്ന് പൊലീസ് പറഞ്ഞു.
ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയുമായി വയനാട് പ്രസ് ക്ലബ്ബ് ഭാരവാഹികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ പ്രവർത്തകരെ സംഭവസ്ഥലത്തേക്ക് പ്രവേശിപ്പിച്ചത്. മാധ്യമങ്ങളെ സംഭവ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.