വയനാട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുനെല്ലി ക്ഷേത്രത്തിലും വള്ളിയൂർക്കാവ് ക്ഷേത്രത്തിലും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തർക്ക് പ്രവേശനം നൽകില്ലെന്ന് തീരുമാനം. കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണിത്. തിരുനെല്ലിയിൽ ബലിതർപ്പണത്തിനും സൗകര്യമുണ്ടാകില്ല. സുൽത്താൻബത്തേരി താലൂക്കിലെ മസ്ജിദുകളിൽ ഈ മാസം 30 വരെ വിശ്വാസികൾക്ക് പ്രവേശനം നൽകില്ല.
മാനന്തവാടി ടൗൺ മഹല്ലിന് കീഴിലുള്ള ജുമാമസ്ജിദുകളിലും ജൂൺ 30 വരെ തൽസ്ഥിതി തുടരും എന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. മാനന്തവാടി രൂപതയുടെ കീഴിലുള്ള പള്ളികൾ തുറക്കുന്ന കാര്യത്തിൽ ഇടവക വികാരിമാരും ഭരണസമിതി അംഗങ്ങളും തീരുമാനമെടുക്കാനാണ് ബിഷപ്പിന്‍റെ നിർദ്ദേശം. വിശ്വാസികൾക്ക് പ്രവേശനം നൽകുന്ന പള്ളികളിൽ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും മുൻകരുതൽ നടപടി എടുക്കാനും ബിഷപ്പ് നിർദേശം നൽകിയിട്ടുണ്ട്.