വയനാട്: ജില്ലയിലെ പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റ് വേൽമുരുകന്‍ മരിച്ചതും വ്യാജ ഏറ്റുമുട്ടലിലാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ ആരോപണം. പുറത്ത് വന്നിരിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകളുണ്ടെന്ന് മനുഷ്യവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി.റഷീദ് പറഞ്ഞു. 2019ൽ വൈത്തിരിയിൽ മാവോയിസ്റ്റ് സിപി ജലീൽ കൊല്ലപ്പട്ടതും വ്യാജ ഏറ്റുമുട്ടലിലാണെന്ന് തെളിഞ്ഞിരുന്നു.
വേൽമുരുകന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് കഴുത്തിനു താഴേയും അരക്കു മുകളിലുമായി 44 ഓളം മുറിവുകളാണുള്ളത്. ഈ മുറിവുകളാണ് മരണകാരണം. കൂടാതെ ഇതെല്ലാം വെടിയേറ്റ മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്‍റെ മുൻ ഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറിയ മുറിവുകളുണ്ട്. അതുകൊണ്ട് തന്നെ തണ്ടർബോൾട്ട് നടത്തിയ ക്രൂരവും നിയമവിരുദ്ധവുമായ ആക്രമണമാണിതെന്ന് നിസംശയം പറയാമെന്നും റഷീദ് പറഞ്ഞു.
വേൽമുരുകൻ മരിച്ച സമയം പോസ്റ്റ് മോർട്ടം ചെയ്തവർക്ക് ഇക്കാര്യങ്ങൾ പറയാൻ കഴിഞ്ഞിട്ടില്ലെന്നത് എപ്പോഴാണ് വെടിവെപ്പ് ഉണ്ടായത് എന്ന കാര്യത്തിലുള്ള സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. വേൽമുരുകന്‍റെ രണ്ട് തുടയെല്ലുകളും പൊട്ടിയത് മരണത്തിന് ശേഷം സംഭവിച്ചതാണെന്നും അത് വെടിയുണ്ട കാരണമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മരണത്തിന് ശേഷവും വേൽമുരുകന്‍റെ മൃതശരീരത്തിൽ ക്രൂരതകാട്ടി എന്നതിന് തെളിവാണ്.
ഭക്ഷണം ദഹിച്ചിട്ടില്ല എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്തോ, കഴിഞ്ഞ ഉടനെയോ ആണ് ആക്രമണം നടന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല പടിഞ്ഞാറെത്തറ ഏറ്റുമുട്ടലിന്‍റെ ഭാഗമായി ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെക്കൊണ്ട് എൻക്വയറി നടത്തിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും വിധിയനുസരിച്ച് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് എൻക്വയറി നടത്തേണ്ടതെന്നും റഷീദ് പറഞ്ഞു.
2019 ൽ വയനാട്ടിലെ വൈത്തിരിയിൽ മാവോയിസ്റ്റ് CP ജലീൽ കൊല്ലപ്പട്ടതും വ്യാജ ഏറ്റുമുട്ടലിനെ തുടർന്ന് ആണെന്ന് പിന്നീട് വ്യക്തമായിരുന്നു. ജലീൽ ആദ്യം പോലീസിനു നേരെ വെടിയുതിർത്തതിനെ തുടർന്ന് തിരിച്ചു നടത്തിയ വെടിവെപ്പിലാണ് ജലീൽ കൊല്ലപ്പെട്ടത് എന്നാണ് Police പറഞ്ഞിരുന്നത്.