വയനാട്: അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് വയനാട് സ്വദേശിക്കെതിരെ നടപടി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ സ്വദേശി എം ഷാജിക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി നേരിടേണ്ടി വന്നത്. ഇയാളുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
വീഡിയോയില്‍ ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറ്റുന്നത് പിന്നിലിരുന്ന പെൺകുട്ടികളാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപകടമുണ്ടാകും വിധവും വാഹനമോടിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഷാജിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നെന്നും ഇയാൾ കുറ്റം സമ്മതിച്ചു എന്നും ആർടിഒ പറഞ്ഞു.