വയനാട്: ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ നായിക്ക് സുബേദാർ സി.പി.ഷിജിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. പൂർണ്ണ സൈനിക ബഹുമതികളോടെയാണ് സംസ്ക്കാരം നടന്നത്. ജൻമനാടായ പൊഴുതന ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷമാണ് തറവാട്ട് വീടായ കുറിച്യാർമല പണിക്കശേരി വീട്ടിൽ എത്തിച്ചത്.
ജവാന്‍റെ ഭൗതിക ശരീരത്തിൽ ജില്ലാ കലക്‌ടർ ഡോ. അദീല അബ്ദുള്ള സർക്കാറിനു വേണ്ടി പുഷ്പചക്രം സമർപ്പിച്ചു. അതിനു ശേഷം പൊഴുതന കുറിച്യാർ മലയിലെ തറവാട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
മേയ് 4 നാണ് കാര്‍ഗിലില്‍ മഞ്ഞുമലയിടിച്ചിലില്‍പ്പെട്ട് വയനാട് പൊഴുതന സ്വദേശിയായ നയിക് സുബൈദര്‍ സി.പി.ഷിജി (45) മരിച്ചത്.
മൃതദേഹം ബുധനാഴ്ച രാത്രി 10.30 ക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വൈത്തിരി തഹസില്‍ദാര്‍ എം.ഇ.എന്‍ നീലകണ്ഠന്‍ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി ജൻമനാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. 28 മദ്രാസ് റജിമെന്‍റിലെ സൈനികനായ സി.പി ഷിജി പ്രമോഷനെ തുടര്‍ന്നാണ് പഞ്ചാബില്‍ നിന്നും കാശ്മീരില്‍ എത്തിയത്. പരേതനായ ചന്ദ്രന്‍റെയും ശോഭനയുടെയും മകനാണ്. ഭാര്യ സരിത. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് (13), അമയ (ഒന്നര വയസ്) എന്നിവര്‍ മക്കളാണ്. ഷൈജു, സിനി എന്നിവര്‍ സഹോദരങ്ങൾ.