പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി സി.പി ജലീലിന്‍റെ സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി റഷീദ് പ്രതിഷേധവുമായി രംഗത്ത്. സഹോദരനെ പൊലീസ് അന്യായമായി കൊലപ്പെടുത്തുകയായിരുന്നെന്നും മൃതദേഹം വിട്ടുനൽകണമെന്നും സംഭവത്തിൽ ബന്ധുക്കൾക്ക് പരാതിയുണ്ടെന്നും റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം കാണാൻ അനുവദിക്കണം. പൊലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണമായിരുന്നില്ല ലഭിച്ചത്. ജലീലിന്‍റെമരണത്തിൽ ദുരൂഹതയുണ്ട്. തന്‍റെ സഹോദരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി കരുതുന്നില്ലെന്നും റിസോർട്ടിലുള്ളവരുടെ കൂടി സഹായത്തോടെ ജലീലിനെ ഇവിടെ എത്തിച്ച് കൊലപ്പെടുത്തിയതാണെന്നും റഷീദ് ആരോപിക്കുന്നു.
വൈത്തിരിയിലെ റിസോർട്ടിൽ മാവോവാദിയും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ജലീലിന്‍റെ മറ്റൊരു സഹോദരൻ സി.പി ജിഷാദ് ആവശ്യപ്പെട്ടിരുന്നു. റിസോർട്ടിന്‍റെ മീൻ കുളത്തിന് സമീപം കമിഴ്ന്ന് കിടന്ന രീതിയിലായിരുന്ന ജലീലിന്‍റെ മൃതദേഹം സഹോദരൻ തിരിച്ചറിഞ്ഞു. കാട്ടിൽ കഴിയുന്ന മാവോയിസ്റ്റുകൾ ധരിച്ചു കാണുന്ന തരത്തിലുള്ള വസ്ത്രമല്ല ജലീൽ ധരിച്ചിട്ടുള്ളതെന്നും സാഹോദരൻ ചൂണ്ടിക്കാട്ടി.
അതേസമയം,ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷംകൊല്ലപ്പെട്ട മാവോവാദി ജലീലിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.