വയനാട്ട്: ജില്ലയില്‍ രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. മാനന്തവാടി നഗരസഭയും വെള്ളമുണ്ട എടവക, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളെ പൂർണമായും കണ്ടൈൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടെ നിന്ന് പുറത്തേക്ക് യാത്രചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഭാഗികമായി കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ച മീനങ്ങാടി നെന്മേനി അമ്പലവയൽ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഇവിടങ്ങളിൽ കൂടുതൽ വാർഡുകൾ കണ്ടൈൻമെന്‍റ് സോണാക്കിയേക്കും. ഇതോടെ ജില്ലയിലെ മൂന്ന് താലൂക്കുകളിൽ രണ്ടും കർശന നിയന്ത്രണത്തിലായി.
രോഗം സ്ഥിരീകരിച്ച മൂന്നു പൊലീസുകാരിൽ രണ്ടുപേർ എഴുപതോളം ഇടങ്ങള്‍ സന്ദർശിച്ചു. ഡിവൈ എസ്.പിയുടെ ഗൺമാനായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ സമ്പർക്ക പട്ടിക പുറത്തുവിട്ടിട്ടില്ല. മാനന്തവാടിയിൽ രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മകളുടെ ഭർത്താവിന്‍റെ സമ്പർക്ക പട്ടികയിലും എഴുപതോളം പേരുണ്ട്. ഇതിൽ പകുതിയോളം പേർ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. കോയമ്പേട് നിന്നുവന്ന രോഗം സ്ഥിരീകരിച്ച നെന്മേനി ചീരാൽ സ്വദേശിയായ യുവാവിന്‍റ സഹോദരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പർക്ക പട്ടികയിലും എഴുപതോളം പേരുണ്ട്.