വയനാട്: ദേശീയപാത 766 ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിൽ സമരം ചെയ്യുന്നവർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. പ്രശ്‌ന പരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി. രാവിലെ ഒമ്പതിന് സുൽത്താൻ ബത്തേരിയിൽ എത്തിയ രാഹുൽ ഗാന്ധി, നിരാഹാര സമരത്തെത്തുടർന്ന് ആരോഗ്യനില വഷളായി ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം സമരപ്പന്തലിൽ എത്തിയത്.
ദേശീയപാത 766 ലെ യാത്രാ നിരോധനം നിയമപരമായ പ്രശ്നമായി മാറിയിരിക്കുകയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച നിയമ വിദഗ്ധരുടെ സേവനം ഇതിനു വേണ്ടി ഉപയോഗിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. രാജ്യത്ത് മറ്റിടങ്ങളിൽ സമാനമായ പ്രശ്‌നം ഉണ്ടായത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ യാത്രാ നിരോധന പ്രശ്‌നം ബുദ്ധിപരമായും ക്രിയാത്മകമായും പരിഹരിക്കപ്പെടേണ്ടതാണ്. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽഗാന്ധി പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം രാഹുൽഗാന്ധി സുൽത്താൻബത്തേരിയിലെ സമരപന്തലിൽ ചെലവഴിച്ചു. അതിനുശേഷം അദ്ദേഹം കലക്‌ട്രേറ്റിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുത്തു. രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പം സുൽത്താൻ ബത്തേരിയിലെത്തി.