വയനാട്: പണം നല്‍കാന്‍ വിസമ്മതിച്ച ചരക്ക് ലോറി ഡ്രൈവറെ കാട്ടിക്കുളം ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ചെക്പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി. അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് ലോറി ഡ്രൈവര്‍മാര്‍ക്ക് നേരെയുള്ള ഭീഷണിയും മര്‍ദനവും നിത്യസംഭവമാണെന്നും ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഓഫീസ് കെട്ടിടത്തിന്‍റെ സീലിങ്ങിനടിയില്‍ ഒളിപ്പിച്ചുവെച്ച കണക്കില്‍പ്പെടാത്ത 750 രൂപ, കര്‍ണ്ണാടകയില്‍ മാത്രം ലഭിക്കുന്ന മദ്യത്തിന്‍റെ 180 എംഎല്‍ പാക്കറ്റ്, മൂന്ന് ഡ്രൈവിങ് ലൈസന്‍സ്, ഒരു ആര്‍.സി ബുക്ക്, 17 ചെക്ക് റിപ്പോര്‍ട്ടുകള്‍ എന്നിവ പിടിച്ചെടുത്തു.