വയനാട്: പേരിയ ചപ്പാരത്ത് കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോവാദികളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി (Maoists Chandru and Unnimaya were produced in court by the police). കനത്ത പൊലീസ് സുരക്ഷയിൽ വയനാട് കൽപ്പറ്റ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കിയ ചന്ദ്രുവിനെയും, ഉണ്ണിമായയെയും അഞ്ചു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എന്നാൽ ഇന്ന് വീണ്ടും 9 ദിവസത്തേക്ക് (നവംബർ 22 വരെ) പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.
മാവോയിസ്റ്റുകൾ പൊലീസിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും, ഉൾവനത്തിൽ ആയുധ ശേഖരമുണ്ടെന്നും, സിപി ജലീൽ കൊല്ലപ്പെട്ട വൈത്തിരി ഉപവൻ റിസോർട്ട് ഏറ്റുമുട്ടലിൽ ജലീലിനൊപ്പം ചന്ദ്രു ഉണ്ടായിരുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. ചന്ദ്രുവും ഉണ്ണിമായയും ഇതുവരെയും ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും, വിശദമായി ചോദ്യം ചെയ്യണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.
വെടിവയ്പ്പ് നടന്ന ചപ്പാരത്ത് ഉണ്ണിമായയെയും ചന്ദ്രുവിനെയും എത്തിച്ച് പൊലീസ് ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ല. രണ്ടു മാവോവാദികളെയും കേരള പൊലീസിനു പുറമേ ദേശീയ അന്വേഷണ ഏജന്‍സിയിലെയും കര്‍ണാടക ആന്‍റിനക്‌സല്‍ സ്‌ക്വാഡിലെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെങ്കിലും സുപ്രധാന വിവരങ്ങള്‍ ലഭിച്ചോ എന്നതില്‍ വ്യക്തതയില്ല.
ചപ്പാരം കുറിച്യ കോളനിയിലെ അനീഷിന്‍റെ വീട്ടില്‍ നിന്നാണ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി ചന്ദ്രുവും കര്‍ണാടക ചിക് മംഗളൂരുവില്‍ നിന്നുള്ള ഉണ്ണിമായയും പൊലീസ് പിടിയിലായത്. അനീഷിന്‍റെ വീട്ടിലെത്തിയ അഞ്ചംഗ മാവോവാദി സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും.