വയനാട്: ആനയ്ക്കാംപൊയിൽ - കള്ളാടി തുരങ്കപാതയുടെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ഉദ്ഘാടനം ചെയ്തതെന്നാണ് ആരോപണം. പദ്ധതി രൂപരേഖ തയ്യാറാക്കുകയോ, കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്‍റെ അനുമതി വാങ്ങുകയോ ചെയ്യാതെ തുരങ്കപാതയുടെ ഉദ്ഘാടനം നടത്തിയതിനെതിരെയാണ് വിമർശനം ഉയരുന്നത്. ചുരത്തിന് ബദലായി 25 വർഷം മുൻപ് പൂഴിത്തോട് - പടിഞ്ഞാറെത്തറ പാത നിർമാണം തുടങ്ങിയിരുന്നു. ആദ്യം ഇതിന്‍റെ പണി പൂർത്തിയാക്കുകയാണ് വേണ്ടതെന്നാണ് വയനാട്ടിൽ നിന്നുയരുന്ന പ്രധാന വിമർശനം. കഴിഞ്ഞ വർഷം ഉരുൾ പൊട്ടലുണ്ടായ മേപ്പാടിയിലെ പരിസ്ഥിതിലോല പ്രദേശമായ പുത്തുമല മേഖലയിലാണ് തുരങ്ക പാത നിർമിക്കുന്നതെന്നും വാദമുണ്ട്. ഇതിന് കേന്ദ്ര സർക്കാരിന്‍റെ പാരിസ്ഥിതികാനുമതി കിട്ടുന്നത് എളുപ്പമായിരിക്കില്ലെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.
വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് നിർദിഷ്ട തുരങ്ക പാതയിലൂടെ എത്തുന്നതിനേക്കാൾ എളുപ്പത്തിൽ ചുരം റോഡിലൂടെ തന്നെ കോഴിക്കോട് എത്താനാകും. മെഡിക്കൽ കോളജിൽ ചികിൽസ തേടുന്നതിന് ഉൾപ്പെടെ കോഴിക്കോടിനെ ആശ്രയിക്കുന്ന വയനാട്ടിലെ സാധാരണക്കാർക്ക് തുരങ്ക പാത കൊണ്ട് വലിയ പ്രയോജനമുണ്ടാകില്ലെന്നതാണ് മറ്റൊരു പ്രധാന വിമർശനം.