വയനാട്: മാനന്തവാടിക്ക് അടുത്ത് ഒണ്ടയങ്ങാടിയിൽ സാമൂഹ്യ വനവൽകരണത്തിന്‍റെ ഭാഗമായി വനംവകുപ്പ് വൃക്ഷ തൈകൾ നട്ടത് അശാസ്‌ത്രീയമായിട്ടെന്ന് ആരോപണം. ചതുപ്പിൽ നട്ട തൈകൾ ഇപ്പോൾ തന്നെ നശിച്ചു തുടങ്ങി. ഒണ്ടയങ്ങാടിയിലെ സ്വാഭാവിക വനം ആയി മാറിയ തേക്ക് പ്ലാന്‍റേഷനിൽ നിന്ന് മരങ്ങളെല്ലാം മുറിച്ചുമാറ്റി വീണ്ടും തേക്ക് നട്ടുപിടിപ്പിക്കാനുള്ള തീരുമാനം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളും പ്രതിഷേധങ്ങളും കാരണം വനം വകുപ്പ് പിൻമാറിയിരുന്നു.
സംസ്ഥാനത്ത് ഏകവിള തോട്ടങ്ങൾ സ്വാഭാവിക വനം ആക്കി മാറ്റുന്നതിന്‍റെ ഭാഗമായിട്ടാണ് തൈകൾ നട്ടത്. പക്ഷേ നട്ടതിലേറെയും ചതുപ്പു നിലത്തായിരുന്നു. ചിലത് ഇപ്പോൾ തന്നെ നശിച്ചു തുടങ്ങി. മഴ കനക്കുമ്പോൾ ഇവിടെ വെള്ളം നിറഞ്ഞ് നട്ടതെല്ലാം ഇല്ലാതാകും. 5000 തൈകളാണ് 40 ഹെക്‌ടർ ഉള്ള വനത്തിൽ നട്ടത്. നെല്ലി, വേങ്ങ, മന്ദാരം, പുളി, പേര, ഞാവൽ തുടങ്ങിയവയുടെ തൈകളാണ് നട്ടത്തിൽ അധികവും. ഇതിൽ എത്രയെണ്ണം അതിജീവിക്കും എന്ന് കണ്ടു തന്നെ അറിയേണ്ടി വരും.