വയനാട്: പരിമിതികളും ഇല്ലായ്മകളും മറികടന്ന് സ്വപ്നം യാഥാർഥ്യമാക്കിയതിന്‍റെ സന്തോഷത്തിലാണ് വയനാട്ടിൽ തിരുനെല്ലിക്കടുത്ത് കാട്ടിക്കുളം നാരങ്ങാകുന്നിലെ പ്രവീണ. ആദ്യ അലോട്ട്മെന്‍റില്‍ തന്നെ മെഡിസിന് പ്രവേശനം നേടിയിരിക്കുകയാണ് അടിയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഈ പെൺകുട്ടി.
എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളജിലാണ് പ്രവീണക്ക് പ്രവേശനം ലഭിച്ചത്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയിരുന്നു ഈ മിടുക്കി. നാരങ്ങാക്കുന്ന് അടിയകോളനിയിലെ ബാബുവും ശാന്തയും ആണ് പ്രവീണയുടെ മാതാപിതാക്കൾ. നിർമാണ തൊഴിലാളിയാണ് ബാബു. ശാന്ത വീട്ടമ്മയും. വീടിനടുത്തുള്ള ഏകാധ്യാപക വിദ്യാലയത്തിൽ ആയിരുന്നു നാലാം ക്ലാസ് വരെ പ്രവീണയുടെ പഠനം. പിന്നീട് കാട്ടിക്കുളം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു. കഴിഞ്ഞവർഷം എൻട്രൻസ് പരീക്ഷ എഴുതിയെങ്കിലും പ്രവേശന നടപടി തുടങ്ങും മുമ്പ് പ്രവീണ മൈസൂരില്‍ ഫിസിയോതെറാപ്പി കോഴ്സിന് ചേർന്നു. എന്നാൽ അയൽവാസിയും ഡിഎംഒ ഓഫീസിലെ ഡ്രൈവറുമായ ബാബുവാണ് പ്രവീണയെ കൊണ്ട് രണ്ടാമതും എൻട്രൻസ് പരീക്ഷ എഴുതിച്ചത്. ബിരുദ വിദ്യാർഥിനിയാണ് പ്രവീണയുടെ ചേച്ചി.