വയനാട്: ജില്ലയിലെ വൃക്ക രോഗികൾക്ക് കൈത്താങ്ങാന്‍ ജില്ലാ പഞ്ചായത്ത് തുടങ്ങിയ ജീവനം പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്നു. ഡയാലിസിസിന് വിധേയരാകുന്നവർക്ക് സഹായം നൽകുന്ന പദ്ധതിക്ക് രണ്ടാഴ്ച മുമ്പാണ് ജില്ലാ പഞ്ചായത്ത് തുടക്കമിട്ടത്. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനപങ്കാളിത്തത്തോടെയാണ് ജീവനം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയനുസരിച്ച് ഡയാലിസിസിന് വിധേയരാകുന്നവർക്ക് മാസംതോറും 3000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ നൽകും.
ജില്ലാ പഞ്ചായത്ത് വിഹിതമായ 30 ലക്ഷം രൂപയും ജനപങ്കാളിത്തത്തോടെ സമാഹരിക്കുന്ന 70 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഡയാലിസിസ് ആവശ്യമായ ജില്ലയിലെ സ്ഥിരതാമസക്കാരായ രോഗികൾക്ക് ഏത് ആശുപത്രിയിൽ ചികിത്സ തേടിയാലും പദ്ധതി അനുസരിച്ച് സഹായധനം ലഭിക്കും. പദ്ധതി നിര്‍ധനരായ രോഗികള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.