വയനാട്: പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അൻപതുകാരന്‍ അറസ്റ്റിൽ. കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മലപ്പുറം സ്വദേശി പള്ളിയിലവളപ്പിൽ ബാലചന്ദ്രൻ എന്ന ബാലനാണ് (50) അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ വയനാട്ടിലാണ് താമസം. പോക്സോ പ്രകാരം അറസ്റ്റിലായ ഇയാളെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ പതിനാലുകാരന് ബാലചന്ദ്രൻ ബലമായി മദ്യം നൽകുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി തളർന്ന് വീണു. കുട്ടിയെ ബന്ധുക്കൾ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇയാൾക്കെതിരെ 2017 ലും ഇതേ സ്റ്റേഷനിൽ പോക്സോ കേസുണ്ട്. ഇതിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും സമാന കേസിൽ ഉൾപ്പെടുകയായിരുന്നു. കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ പളനിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.